അനുപമയും അജിത്തും വിവാഹിതരായി

പോയ വർഷം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കുട്ടിയെ ദത്തുനല്‍കിയ വിഷയത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് ഇവരുവരും വിവാഹിതരായത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹത്തിന് അപേക്ഷ നല്‍കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് ഇവരുടെ വിവാഹത്തിന് സാധുത നല്‍കിയത്.

കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം കേരളത്തില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. എൽ.ഡി.എഫ് സര്‍ക്കാരിനെയും സിപിഎമ്മിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിഷയം. ഇവരുടെ കുഞ്ഞിനെ ആന്ധ്രയിലേക്ക് ദത്ത് നല്‍കിയതും അതുസംബന്ധിച്ച വിവാദങ്ങളും കേരളത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു.

നവംബർ 24ന് കോടതി വഴി കുഞ്ഞിനെ അനുപമയ്ക്കും അജിത്തിനും കൈമാറിയിരുന്നു. കുഞ്ഞിനെ കിട്ടിയതിന് പിന്നാലെ തന്നെ വിവാഹം രജിസ്ട്രർ ചെയ്യാനുള്ള ശ്രമം തുടങ്ങിയിരുന്നു. കുഞ്ഞുമായാണ് വിവാഹം രജിസ്ട്രർ ചെയ്യാനായി ഇരുവരും മുട്ടട സബ് രജിസ്ട്രാർ ഓഫീസിലേക്ക് എത്തിയത്.

Read more

ഏറെ വിവാദങ്ങളിലൂടെയും അധിക്ഷേപങ്ങളിലൂടെയും കടന്നുപോയ 2021ന്റെ അവസാന ദിനം, ജീവിത്തിലെ പ്രധാനപ്പെട്ട ദിവസമായി മാറിയതിൽ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.