ബേലൂര്‍ മഖ്‌നയെ സംരക്ഷിക്കാന്‍ മറ്റൊരു മോഴയാന; വെടിയുതിര്‍ത്തിട്ടും ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു

കര്‍ഷകനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മോഴയാനയെ പിടികൂടാന്‍ ശ്രമിച്ച ദൗത്യ സംഘത്തിന് നേരെ മറ്റൊരു മോഴയാന പാഞ്ഞടുത്തു. ബേലൂര്‍ മഖ്‌നയെന്ന മോഴയാനയെ ബാവലി വനമേഖലയില്‍ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. ആര്‍ആര്‍ടി അംഗങ്ങള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷം ആനയെ തുരത്തുന്നതിനിടയിലാണ് മോഴയാന ആക്രമിക്കാനെത്തിയത്.

ആര്‍ആര്‍ടി അംഗങ്ങളെ ആന ആക്രമിക്കാനെത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബേലൂര്‍ മഖ്‌നയെ സംരക്ഷിക്കാനുള്ള തരത്തിലുള്ള നീക്കമായിരുന്നു മോഴയാനയുടെ ഭാഗത്ത് നിന്നുണ്ടായത്. ദൗത്യസംഘം ബേലൂര്‍ മഖ്‌നയെ പിടികൂടാന്‍ മുന്നോട്ട് പോകുന്നതും മോഴയാന ആക്രമിക്കാന്‍ വരുന്നതോടെ സംഘം പിന്നോട്ട് ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

വീണ്ടും ആകാശത്തേക്ക് വെടിയുതിര്‍ത്തിട്ടും ആന പിന്തിരിയാന്‍ തയ്യാറാകാത്തതോടെ സംഘം പിന്‍മാറുന്നതും ദൃശ്യങ്ങളിലുണ്ട്. ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴയാന കൂടിയുള്ളതായി കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കാഴ്ചയില്‍ രണ്ട് ആനകളും സമാനമാണ്.