അനിത പുല്ലയില്‍ നിയമസഭയിലെത്തിയ സംഭവം; നാല് സഭാ ടി വി ജീവനക്കാര്‍ക്ക് എതിരെ നടപടി

ലോക കേരളസഭ സമ്മേളനവുമായി ബന്ധപ്പെട്ട് അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തിലെത്തിയ സംഭവത്തില്‍ നാല് കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. സഭാ ടിവിയുടെ കരാര്‍ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ഇവരെ ചുമതലയില്‍ നിന്ന് നീക്കിയതായി സ്പീക്കര്‍ അറിയിച്ചു. ഫലീല,വിപുരാജ്,പ്രവീണ്‍, വിഷ്ണു എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസുമായാണ് അനിത എത്തിയത്. സഭ ടിവിയുടെ സാങ്കേതിക സേവനം നല്‍കുന്ന ടീമിലെ ജീവനക്കാരിയോടൊപ്പമാണ് കയറിയത്. നിയമസഭ സെക്രട്ടേറിയറ്റിലെ ഒരു ജീവനക്കാരും അനിതയെ സഹായിച്ചിട്ടില്ല. സഭയില്‍ കയറിയതിന് ഇവര്‍ക്കെതിരെ കേസെടുക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മലയാളം മിഷനും പ്രവാസി സംഘടനകള്‍ക്ക് പാസ് നല്‍കിയിരുന്നു. ഇതിലൊരു പാസാണ് അനിതയുടെ കൈവശം ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ ഇനി വിവാദം തുടരണമോ വേണ്ടയോ എന്ന് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാമെന്നും എം ബി രാജേഷ് പറഞ്ഞു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചീഫ് മാര്‍ഷല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

Read more

നിയന്ത്രണങ്ങള്‍ ലംഘിച്ച് അനിത നിയമസഭയില്‍ പ്രവേശിച്ചത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ചീഫ് മാര്‍ഷല്‍ പ്രവീണിനൊപ്പമാണ് അനിത നിയമസഭയില്‍ എത്തിയതെന്ന് സ്ഥീരികരിച്ചിരുന്നു. അതേസമയം അനിതക്ക് നിയമസഭ സമുച്ചത്തില്‍ പ്രവേശിക്കാന്‍ പാസ് അനുവദിച്ചിരുന്നില്ലെന്ന് നോര്‍ക്ക വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നത്.