SIR സമയ പരിധി അടിയന്തിരമായി നീട്ടിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വോട്ടർപട്ടികയുടെ തീവ്ര പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ഒരു ബൂത്ത് ലെവൽ ഓഫീസർ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കമ്മീഷന്റെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ഘട്ടത്തിൽ തന്നെ കേരളത്തിൽ തീവ്ര പരിശോധനയും അടിച്ചേൽപ്പിച്ച് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മേൽ കമ്മീഷൻ ചെലുത്തിയ താങ്ങാനാവാത്ത സമ്മർദ്ദമാണ് ഈ അത്യാഹിതത്തിന് കാരണമായി തീർന്നിട്ടുള്ളതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥപ്പണി ഏറ്റെടുത്ത ഇലക്ഷൻ കമ്മീഷന്റെ നടപടികളിലും നയങ്ങളിലും പ്രതിഫലിക്കുന്നത് കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾ മാത്രമായി തീർന്നിരിക്കുന്നു. അതിൻ്റെ കേരളത്തിലെ ആദ്യത്തെ ബലിയാടാണ് അനീഷ് ജോർജ് എന്ന യുവ ഉദ്യോഗസ്ഥൻ എന്നും ബിനോയ് വിശ്വം പറഞ്ഞു.
സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് കടുംപിടുത്തം വെടിയാനും രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാനുമുള്ള വിവേകം ഇപ്പോഴെങ്കിലും ഇലക്ഷൻ കമ്മീഷൻ കാണിക്കണമെന്ന് എന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐ സംസ്ഥാന സെക്രട്ടറി കത്തയക്കുകയും ചെയ്തു. പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11മണിയോടെയാണ് അന്നെഷിനെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി അനീഷ് ജോലി ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് ജോലിയുടെ സമ്മർദമാണ് അനീഷിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.







