അയോദ്ധ്യ രാമക്ഷേത്രം സമർപ്പണ ചടങ്ങ്;പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നത് ജനവിരുദ്ധ നയം, കോൺഗ്രസിന് രണ്ട് മനസെന്ന് അനിൽ ആന്റണി

അയോദ്ധ്യ രാമക്ഷേത്രം ഉദ്ഘാടനവിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് അനിൽ ആന്റണി. വിഷയത്തിൽ കോൺഗ്രസിന് രണ്ട് മനസെന്നും പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നത് ജനവിരുദ്ധ നയമാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. കേന്ദ്ര നേതൃത്വം പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ കേരളത്തിലെ നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

ശബരിമലയിൽ തീർത്ഥാടകരെ കന്നുകാലികളെ പോലെ കണ്ട സംസ്ഥാന സർക്കാരും അയോദ്ധ്യയെ ബഹിഷ്കരിക്കുകയാണെന്നും അനിൽ കുറ്റപ്പെടുത്തി. മുൻ തെരഞ്ഞെടുപ്പുകളെക്കാൾ വലിയ വിജയം എൻഡിഎ ഇത്തവണ നേടുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ എന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്ന ഇടത് വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ആരോപിച്ചിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരമാണ് തർക്കസ്ഥലത്ത് ക്ഷേത്രം നിർമ്മിച്ചത്. മുസ്ലിം സമൂഹം സൗഹാർദ്ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ശ്രീരാമൻ ജനാധിപത്യത്തിന്റെ പ്രതീകവും മര്യാദാ പുരുഷോത്തമനുമാണെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.