തലശ്ശേരിയിൽ ചെറുപാർട്ടികൾക്കും പിന്തുണ വേണ്ട; ആശയക്കുഴപ്പത്തിലായി ബി.ജെ.പി, വോട്ട് നോട്ടയ്ക്ക് നൽകാൻ നിർദേശിച്ചേക്കും

നിയമസഭ തിരഞ്ഞെടുപ്പിലെ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ നാമനിർദേശപത്രിക തള്ളിയതോടെ ആരെ പിന്തുണയ്ക്കണമെന്നതിൽ ആശയക്കുഴപ്പത്തിലായി ബി.ജെ.പി നേതൃത്വം. നിലവിൽ രണ്ട് മണ്ഡലങ്ങളിലെ കാര്യത്തിൽ ആരെ പിന്തുണയ്ക്കണം, വോട്ട് ആർക്കു ചെയ്യണമെന്നൊക്കെ സംസ്ഥാന നേതൃത്വം വ്യക്തമാക്കുമെന്നു ജില്ലാ നേതൃത്വങ്ങൾ പറയുമ്പോഴും തീരുമാനത്തിലെത്താൻ സംസ്ഥാന നേതൃത്വത്തിനു കഴിയുന്നില്ല.

ഗുരുവായൂർ മണ്ഡലത്തിൽ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായർക്ക് പിന്തുണ നല്‍കാനാണ് ആലോചിക്കുന്നത്. സോഷ്യൽ ജസ്റ്റിസ് പാർട്ടി നേരത്തേ തന്നെ എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നെന്നും ആ നിലയ്ക്കു ചർച്ച സാദ്ധ്യമെന്നുമാണു നേതാക്കൾ പറയുന്നത്. എന്നാൽ എൻഡിഎ നേതൃത്വത്തെ അറിയിച്ചേ പിന്തുണ നൽകാനാകൂ. വിഷയത്തില്‍ അന്തിമ തീരുമാനം ഉടനെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലശ്ശേരിയിൽ  സ്ഥാനാർത്ഥിയില്ലാതായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണ്ഡല പരിപാടി റദ്ദാക്കി. ഇരുപതിനായിരത്തിലേറെ വോട്ടുകളാണ്  ബിജെപിക്കു തലശ്ശേരിയിൽ ഉള്ളത്. നഗരസഭയിൽ 7 അംഗങ്ങളുണ്ട്. 10 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി. നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും ഒരു മുന്നണിക്കു വോട്ടു ചെയ്യാൻ രഹസ്യമായോ പരസ്യമായോ നിർദേശിക്കാൻ ബിജെപിക്കു സാധിക്കില്ല. ആർക്കും വോട്ടു ചെയ്യരുതെന്നു നിർദേശിക്കാനും സാദ്ധ്യമല്ല. അപ്പോൾ പിന്നെ ആർക്കു വോട്ട് ചെയ്യണമെന്നു പറയും? തല പുകയ്ക്കുകയാണു നേതൃത്വം.

ഗുരുവായൂരിലേതു പോലെ ഏതെങ്കിലും ചെറുകക്ഷികളുടെ സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകാമെന്ന് വെച്ചാൽ എൽഡിഎഫിനും യുഡിഎഫിനും പുറമേ തലശ്ശേരി മണ്ഡലത്തിൽ വെൽഫെയർ പാർട്ടിക്കും ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയ്ക്കുമാണ് സ്ഥാനാർത്ഥികളുള്ളത്. എൻ.ഡി.എ വോട്ട് ആവശ്യമില്ലെന്ന് ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥിയും മുൻ സി.പി.എമ്മുകാരനുമായ സി.ഒ.ടി നസീർ വ്യക്തമാക്കിയിട്ടുമുണ്ട്.

ബാക്കിയുള്ളത് യുഡിഎഫ് സ്ഥാനാർത്ഥി എം.പി. അരവിന്ദാക്ഷന്റെ അപരൻ അരവിന്ദാക്ഷനും ബിജെപി സ്ഥാനാർത്ഥിയാകാനിരുന്ന എൻ. ഹരിദാസിന്റെ അപരൻ ഹരിദാസനും. ഇവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്നും വിലയിരുത്തുന്നു. നസീറിനെ പിന്തുണയ്ക്കുന്നതിന് പ്രവർത്തകർ എതിരാണെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാൻ നിർദേശം നൽകാനാണു ബിജെപിയുടെ ആലോചന.

ദേവികുളത്തു സ്വതന്ത്രനായ എസ്. ഗണേശന് എഐഎഡിഎംകെ സ്ഥാനാർത്ഥിയായി ചിഹ്നം നൽകിയാണു പ്രശ്നം തീർത്തത്. എന്നാൽ ബാക്കി രണ്ടിടങ്ങളിലും ബിജെപിക്ക് ഉത്തരം മുട്ടുന്നു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കും ബിജെപി അപേക്ഷ നൽകിയിട്ടുണ്ട്.