എല്ലാ ശരിയാക്കുമെന്ന് പറഞ്ഞ മന്ത്രി ഒന്നും ശരിയാക്കുന്നില്ല; വല്ലതും തന്നാല്‍ വാങ്ങിക്കൊണ്ടു പോകുമെന്നത് പള്ളിയില്‍ പറഞ്ഞാല്‍ മതി; കെ.എസ്.ആര്‍.ടി.സിയില്‍ സി.ഐ.ടി.യു

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് സിഐടിയു. വല്ലതും തന്നാല്‍ വാങ്ങിക്കൊണ്ടു പോകുമെന്നത് പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്ന് സിഐടിയു പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വി.ആര്‍.എസ് എന്നത് നവ മുതലാളിത്ത നയമാണ്. ഇതാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് ആ നയമില്ല. ഉള്ള തൊഴില്‍ ഇല്ലാതാക്കിയല്ല പുതിയ തൊഴില്‍ സൃഷ്ടിക്കേണ്ടത്. മാനേജ്‌മെന്റ് ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്.

വിശപ്പുള്ളവന്റെ മുന്നില്‍ പോയി പകുതി ഭക്ഷണം നല്‍കാമെന്ന് പറയുന്നത് അംഗീകരിക്കില്ല. പ്രത്യക്ഷ സമരപരിപാടി തുടങ്ങും. ശമ്പളത്തിന് ടാര്‍ഗറ്റ് നിശ്ചയിച്ചാല്‍ വരുമാനമുള്ള റൂട്ടിലേ വണ്ടിയോടിക്കാന്‍ ആളുണ്ടാകൂ. അറ്റവും മൂലയും നോക്കി പരിഷ്‌കരണം നടക്കില്ല. സ്വിഫ്റ്റ് ലാഭമോ നഷ്ടമോ എന്ന കണക്ക് പുറത്തുവിടണം. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്വിഫ്റ്റില്‍ നിയമനം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ലന്നും അദേഹം പറഞ്ഞു.

Read more

എല്ലാം തൊഴിലാളിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. എല്ലാ പിശകും ശരിയാക്കുമെന്ന് പറയുന്ന മന്ത്രി ഒന്നും ശരിയാക്കുന്നില്ല. ബ്യൂറോക്രാറ്റുകള്‍ പണ്ഡിതന്മാരെന്നും മറ്റുള്ളവര്‍ക്ക് ഒന്നും അറിയില്ലെന്നുമുള്ള ധാരണ വേണ്ടെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.