ഒരു നേരത്തെ ഭക്ഷണത്തിനോടുള്ള ആര്‍ത്തി ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്; ഗോപിനാഥ് മുതുകാട്

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുദ്ധത്തിന്റെ ഏറ്റവും ഭീതിജനകമായ മുഖം തുറന്ന് കാണിച്ച് ഗോപിനാഥ് മുതുകാട്. അധികാരത്തിനായി കോടാനുകോടികള്‍ കത്തിച്ചാമ്പലാക്കുമ്പോള്‍ എരിയുന്നത് പാവപ്പെട്ടവന്റെ വയറാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഒരു കുട്ടി സന്തോഷത്തോടെയും, അതിലേറെ കണ്ണ് നിറഞ്ഞും ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്ക് വച്ചുകൊണ്ടാണ് ഗോപിനാഥ് മുതുകാട് പോസ്റ്റ് ഇട്ടിരിക്കുന്നത്.

‘യുദ്ധം അവസാനിക്കുമ്പോള്‍ ആരും വിജയിക്കുന്നില്ല. വിശന്നിരിക്കുന്ന കുഞ്ഞിന്റെ ഒരു നേരത്തെ ഭക്ഷണത്തിനോടുള്ള ആര്‍ത്തി ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്. വിശപ്പെന്തെന്നുപോലുമറിയാത്ത ഭരണാധികാരികളുടെ അധികാരത്തിനായുള്ള ആര്‍ത്തി ഏറ്റവും മാരകമായ രോഗവും.’- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം:

യുദ്ധം അവസാനിക്കുമ്പോള്‍ ആരും വിജയിക്കുന്നില്ല. പാവം ജനങ്ങള്‍ പിന്നെയും പിന്നെയും തോല്‍ക്കുകയാണ്. പട്ടിണിക്കാര്‍ പരമ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു. അധികാരത്തിനായി കോടാനുകോടികള്‍ കത്തിച്ചാമ്പലാക്കുമ്പോള്‍ എരിയുന്നത് പാവപ്പെട്ടവന്റെ വയറാണ്. കോവിഡ് കാലം തകര്‍ത്തെറിഞ്ഞ ഈ ലോകത്ത് ഈ യുദ്ധം വരുത്തിവയ്ക്കുന്ന വിനകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. വിശന്നിരിക്കുന്ന കുഞ്ഞിന്റെ ഒരു നേരത്തെ ഭക്ഷണത്തിനോടുള്ള ആര്‍ത്തി ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്. വിശപ്പെന്തെന്നുപോലുമറിയാത്ത ഭരണാധികാരികളുടെ അധികാരത്തിനായുള്ള ആര്‍ത്തി ഏറ്റവും മാരകമായ രോഗവും.