സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോ​ഗബാധ പാലക്കാട് സ്വദേശിക്ക്, നില അതീവ ​ഗുരുതരം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഒമ്പത് മുതൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററിലാണ്. ഇയാളുടെ നില അതീവ​ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

സംസ്ഥാനത്ത് ഒന്നരമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 14 പേർ മരിച്ചു. ഇതുവരെ 101 പേർ രോഗബാധിതരായി. 12 ദിവസത്തിനിടെ 3 മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 48 കാരി കശുവണ്ടി തൊഴിലാളി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്. രോഗം ബാധിച്ച 11 പേർ ചികിത്സയിൽ ഉണ്ട്.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. മലപ്പുറം ജില്ലയിൽ മാത്രം 22 പേർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതായി സംശയമുണ്ടെങ്കിലും 8 എണ്ണമാണ് ഇതു വരെ സ്ഥിരീകരിക്കാനായത്. ജില്ലയിൽ രോഗം ബാധിച്ച് ഇതുവരെ മരിച്ചത് എട്ടു പേരാണ്.

Read more

രോഗം സംശയമുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പോലും കൃത്യമായ മറുപടി നൽകാനാവാത്തത് ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.