ഉമ്മന്‍ചാണ്ടിക്ക് ചികില്‍സ നിഷേധിക്കുന്നവെന്ന ആരോപണം ചാണ്ടി ഉമ്മനെ ലക്ഷ്യമിട്ട്, പിന്നില്‍ മാണി ഗ്രൂപ്പ് മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരെ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുംബം ചികല്‍സ നിഷേധിക്കുന്നുവെന്ന തരത്തില്‍ ആരോപണങ്ങള്‍ മാധ്യമങ്ങളിലും- സമൂഹമാധ്യമങ്ങളിലും പടരുന്നതിന് പിന്നില്‍ വ്യക്തമായ ചില രാഷ്ട്രീയ നീക്കങ്ങളാണെന്ന് സൂചന. ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുക എന്ന ലക്ഷ്യം വച്ചാണ് ഈ വിവാദം പടച്ചുവിട്ടതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കുടുബം കരുതുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ കോട്ടയത്ത് നിന്നോ പത്തനം തിട്ടയില്‍ നിന്നോ മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്ത് വന്നതോടെയാണ് ചികല്‍സാ നിഷേധത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ചില മാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെടാന്‍ തുടങ്ങിയതെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

ഭാരത് ജോഡോയാത്രയില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ഗാന്ധിക്കൊപ്പം നടന്ന ചാണ്ടി ഉമ്മനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പ്രത്യേകിച്ച് രാഹുല്‍ഗാന്ധിക്ക് വലിയ മതിപ്പാണ്. അനില്‍ ആന്റെണിയുടെ ബി ബി സി വിരുദ്ധ ട്വീറ്റ് പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജയറാം രമേശ് പറഞ്ഞത് ഒരു മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ഇന്ത്യന്‍ മുഴുവന്‍ രാഹൂല്‍ഗാന്ധിക്കൊപ്പം നടക്കുമ്പോള്‍ മറ്റൊരു മുഖ്യമന്ത്രിയുടെ മകന്‍ പാര്‍ട്ടിയെ വിമഷമസന്ധിയിലാക്കുന്നുവെന്നാണ്.

അത് കൊണ്ട് തന്നെ കോട്ടയത്തോ, പത്തനംതിട്ടയിലൊ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ നിലവില്‍ ചാണ്ടി ഉമ്മന് തടസമൊന്നുമല്ല. പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിക്കണമെന്ന താല്‍പര്യവും ചാണ്ടി ഉമ്മനുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം ജയസാധ്യതയുള്ളയാളുകൂടിയാണദ്ദേഹം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും, സി പി എമ്മും കോണ്‍ഗ്രസിലെ ഒരു വിഭാഗവും കൂടിയാണ് ഈ വാര്‍ത്തകള്‍ മെനയെന്നതെന്നാണ് ഉമ്മന്‍ചാണ്ടിയോട് വളരെ അടുപ്പമുള്ളവര്‍ വിശ്വസിക്കുന്നത്. കോട്ടയം ലോക്‌സഭാ സീറ്റില്‍ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന പേര് ചാണ്ടി ഉമ്മന്റേതാണ്. ഇപ്പോള്‍ ഇടതുമുന്നണിയിലുള്ള കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് നിന്നുള്ള ലോക്‌സഭാംഗം. 2019 ല്‍ അദ്ദേഹം മല്‍സരിച്ചു ജയിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു ഡിഎഫിലായിരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മാണി ഗ്രൂപ്പ് എല്‍ ഡി എഫിലെത്തിയത്.

പൊതുവെ കോണ്‍ഗ്രസിന് വലിയ സാധ്യതയുള്ള ലോക്‌സഭാ മണ്ഡലമാണ് കോട്ടയം,അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിന്നാല്‍ ജയിക്കുമെന്ന കാര്യം ഉറപ്പാണ്. മാത്രമല്ല ഉമ്മന്‍ചാണ്ടിക്ക് വ്യക്തിപരമായി തന്നെ സ്വാധീനശക്തിയുള്ള നിരവധി അസംബ്‌ളി മണ്ഡലങ്ങള്‍ കോട്ടയം ജില്ലയിലുണ്ട് അത് കൊണ്ട് തന്നെ ചാണ്ടി ഉമ്മന്‍ കോട്ടയത്ത് നിന്നും ലോക്‌സഭയിലക്ക് മല്‍സരിച്ചാല്‍ വിജയിക്കുമെന്നകാര്യം ഉറപ്പാണ്. ഈ പശ്ചാത്തലത്തില്‍ ചാണ്ടി ഉമ്മന്‍ അവിടെ മല്‍സരിക്കാതിരിക്കുകയോ അഥവാ മല്‍സരിച്ചാല്‍ തന്നെ വിജയിക്കാനോ പാടില്ലന്ന ദൃഡനിശ്ചയം ചിലര്‍ എടുത്തിട്ടുണ്ടെന്നും അത് കൊണ്ടാണ് ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ഉമ്മന്‍ചാണ്ടിയുടെ കുടുംബം കരുതുന്നു.
കോട്ടയം സീറ്റില്‍ തോറ്റാല്‍ മാണിഗ്രൂപ്പിന് ഇടതുമുന്നണി വിടേണ്ടിവരും. അത് കൊണ്ട് തന്നെ അവിടെ ചാണ്ടി ഉമ്മന്‍മല്‍സരിക്കാതിരിക്കുക എന്നത് സി പി എമ്മിന്റെ കൂടി ആവശ്യമാണ്. കോട്ടയം ലോക്‌സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വിജയിക്കേണ്ടത് അവരേക്കാള്‍ കൂടുതല്‍ സി പി എമ്മിന്റെ ആവശ്യമാണ്. അത് കൊണ്ട് ചാണ്ടി ഉമ്മനെതിരെ ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സി പി എമ്മും വലിയ പങ്കുവഹിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബം കരുതുന്നു. മാത്രമല്ല കോണ്‍ഗ്രസില്‍ കോട്ടയം സീറ്റ് ലക്ഷ്യമിട്ടിരിക്കുന്ന നിരവധി നേതാക്കളുണ്ട്. അവരും ഉമ്മന്‍ചാണ്ടിക്ക് ഭാര്യയും മകനും ചികല്‍സനിഷേധിക്കുന്നുവെന്ന് ആരോപണം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ അവര്‍ക്കും പങ്കുണ്ടെന്നും ഒ സി യോട് അടുപ്പമുള്ളവര്‍ വിശ്വസിക്കുന്നു.

അതേ സമയം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിലെ സ്വത്ത് ഭാഗം വച്ച സംഭവവുമായി ബന്ധപ്പെട്ടും ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരന്‍മാരില്‍ ചിലര്‍ ഇതേ ആരോപണവുമായി രംഗത്ത് വരാനിടയായ സാഹചര്യം അതാണെന്നും പറയപ്പെടുന്നുണ്ട്. ഇളയ സഹോദരന്‍ അലക്‌സ് ചാണ്ടി ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി കൊടുക്കുകയും ഉണ്ടായി. ഏതായാലും ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുംബം ചികല്‍സ നിഷേധിക്കുവെന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലന്നും ചാണ്ടി ഉമ്മനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ തട്ടിക്കൂട്ടിയ വിവാദമാണ് ഇതെന്നും ഉമ്മന്‍ചാണ്ടിയോടും അദ്ദേഹത്തിന്റ കുടുംബത്തോടും അടുപ്പമുള്ളവര്‍ വിശ്വസിക്കുന്നു.