പി.കെ ശശിക്ക് എതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം; സംസ്ഥാന നേതൃത്വം ഇടപെടുന്നു

സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരായ സാമ്പത്തിക ക്രമക്കേട് പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം ഇടപെടുന്നു. ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുക്കുന്ന ജില്ലാ നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ശശിക്കെതിരായ പരാതി. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ.മന്‍സൂര്‍ ആണ് സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് രേഖാമൂലം ശശിയുടെ തെറ്റുകള്‍ പാട്ടിക്ക് മുന്നിലെത്തിച്ചത്.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളേജിനു വേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയ പരാതി ഏറെ നാളായി പാര്‍ട്ടിക്ക് മുന്നിലെത്തിയിട്ട്. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്.

പാര്‍ട്ടി അറിയാതെയായിരുന്ന ധനസമാഹകരണം. പണം വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും ആരോപണവുണ്ട്. ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയില്‍ തിരുകി കയറ്റിയെന്നും പരാതിയുണ്ട്. ആരോപണങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി കമ്മീഷനെ വയ്ക്കാനാണ് സാധ്യത.