കലോത്സവത്തിലെ കോഴ ആരോപണം; ഷാജിയെ കുടുക്കിയതാണെന്ന് അമ്മയും സഹോദരനും, നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ്

കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട വിധി കര്‍ത്താവിന്റെ മരണത്തോടെ കേസ് പുതിയ വഴിത്തിരിവിൽ. പണം വാങ്ങിയില്ലെന്നും നിരപരാധി ആണെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ്. ഇന്നലെയാണ് കണ്ണൂരിലെ ചൊവ്വയിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ ഷാജിയെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ ഷാജിയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് ഷാജി ആത്മഹത്യ ചെയ്തത്. നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നിൽ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പരാമർശമുണ്ട്.

മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത ആരോപിച്ചു. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവർത്തിച്ചത്. ‘കോഴ ഒക്കെ വാങ്ങുന്നയാണെങ്കിൽ കൂര ഇങ്ങനെയാകുമോ മക്കളേ? നയിച്ചിട്ട് കിട്ടിയ പൈസ കൊണ്ടാണ് ജീവിക്കുന്നത്’ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മാനസിക സംഘർഷമാണ് ഷാജിയെ തളർത്തിയതെന്ന് സഹോദരൻ അനിൽകുമാറും മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആളുകൾ തന്നെയാണ് ഷാജിയെ കുടുക്കിയതെന്ന് മരിക്കുന്നതിന് മുൻപ് ഷാജി പറഞ്ഞതായി സഹോദരൻ പറഞ്ഞു. എന്നാൽ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. അതേസമയം, ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെയാകും പോസ്റ്റ്‌മോർട്ടം.

കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. കെഎസ്‌യു യൂണിയൻ ഭരിക്കുന്ന മാർ ഇവാനിയോസ് കോളേജിന് ഒന്നാം സ്ഥാനം കിട്ടാതിരിക്കാൻ എസ്എഫ്ഐ തങ്ങളെ ബലിയാടാക്കി എന്നായിരുന്നു ഇവരുടെ ആരോപണം. വിധികർത്താവിന്റെ മരണത്തിന് എസ്എഫ്ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപി രംഗത്തെത്തി.