സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗൺ വേണ്ടെന്ന് സര്‍വകക്ഷി യോഗം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗൺ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമ്പൂര്‍ണ ലോക്ക് ഡൗൺ പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി എന്നും അതിനോട് എല്ലാവരും യോജിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ലോക്ക് ഡൗൺ ഒന്നിനും പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. സമ്പൂര്‍ണ ലോക്ക് ഡൗൺ വേണ്ടെന്ന നിലപാട് ഇടതുമുന്നണിയും യോഗത്തെ അറിയിച്ചിരുന്നു.

“വിശദമായ ചർച്ച നടന്നു. ചില കാര്യത്തിൽ എല്ലാവരും യോജിച്ചു. ഒറ്റക്കെട്ടായി നീങ്ങാൻ എല്ലാവരും തീരുമാനിച്ചു. ഏകീകൃതമായി കോവിഡിനെ പ്രതിരോധിക്കാൻ മാനദണ്ഡം പാലിക്കണമെന്ന കാര്യത്തിൽ എല്ലാവരും യോജിച്ചു. ഈ സാഹചര്യം നേരിടാൻ ഇപ്പോഴത്തെ ഘട്ടത്തിൽ ലോക്ക്ഡൗൺ പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി. അതിനോട് എല്ലാവരും യോജിച്ചു,” മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പൊതുപരിപാടികളിൽ നിശ്ചിത എണ്ണം ആളുകളേ പങ്കെടുക്കാവൂ. അതിൽ വിവാഹമായാലും മരണമായാലും സാമൂഹികമായ മറ്റ് ചടങ്ങായാലും രാഷ്ട്രീയ പരിപാടിയായാലും ഇതിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം സർക്കാർ തീരുമാനിക്കും. അത് പാലിക്കണമെന്ന് തീരുമാനിച്ചു. എല്ലാ കാര്യത്തിലും കോവിഡ് വ്യാപനം തടയുക എന്നതിനാണ് പ്രാമുഖ്യം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.