വന്യജീവി ശല്യം കൂടിവരുന്നു; വയനാട്ടില്‍ ഇന്ന് സര്‍വകക്ഷിയോഗം

കേരളത്തില്‍ വന്യജീവി ശല്യം രൂക്ഷമാകുന്നതിനിടെ വയനാട്ടില്‍ ഇന്ന് വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരുന്നു. ജില്ലയിലെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാവശ്യമായ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

വയനാട് പുതുശ്ശേരിയിലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം തോമസ് എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടതോടെയാണ് സര്‍ക്കാര്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചത്. തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറി.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ഇന്ന് തോമസിന്റെ വീട് സന്ദര്‍ശിക്കും. തോമസിനെ ആക്രമിച്ച കടുവയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ വെച്ചാണ് മയക്കുവെടിവെച്ച് കടുവയെ കീഴടക്കിയത്. കടുവയെ കുപ്പാടിയിലെ വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം, മാനന്തവാടി പിലാക്കാവിലും കടുവയുടെ ആക്രമണമുണ്ടായി. ഇന്നലെ ഉച്ചയോടെ ഒരു പശുക്കിടാവിനെ കടുവ കൊന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മാനന്തവാടി റെയ്ഞ്ചറെ തടഞ്ഞു വെച്ചു.