സമസ്ത സമവായ ചര്‍ച്ച ഇന്ന് മലപ്പുറത്ത്; ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

സമസ്തയില്‍ തുടരുന്ന വിഭാഗീയതയില്‍ സമവായ ചര്‍ച്ചകളുമായി ഇന്ന് നിര്‍ണായക യോഗം. സമസ്തയിലെ ലീഗ് അനുകൂല- വിരുദ്ധ ചേരികളുടെ പരസ്യപ്പോര് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമസ്ത- ലീഗ് നേതാക്കള്‍ ഇന്ന് യോഗം വിളിച്ച് ചേര്‍ത്തത്. എന്നാല്‍ യോഗത്തില്‍ മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന.

മലപ്പുറത്താണ് ഇന്ന് യോഗം ചേരുന്നത്. മുശാവറ യോഗത്തിനു മുമ്പുള്ള സമവായ ചര്‍ച്ച പ്രഹസനമെന്ന് ഈ വിഭാഗം നിലപാടെടുത്തതായാണ് വിവരം. സമാന്തര കമ്മറ്റിയുണ്ടാക്കിയര്‍ക്കെതിരെ മുശാവറ യോഗത്തില്‍ കടുത്ത നടപടിയാണ് വേണ്ടതെന്നും ലീഗ് വിരുദ്ധപക്ഷം ആവശ്യപ്പെട്ടു. അതേസമയം എതിര്‍പ്പുകളെ അവഗണിച്ച് ചര്‍ച്ചയുമായി മുന്നോട്ട് പോകാനാണ് ലീഗ് അനുകൂലികളുടെ നിലപാട്.

സമസ്തയിലെയും ലീഗിലേയും മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. ഉമര്‍ ഫൈസി, സമസ്ത പോഷക സംഘടന ഭാരവാഹികളില്‍ ഒരു വിഭാഗം നേതാക്കളുടെയും പരസ്യ പ്രസ്താവനകള്‍, ലീഗ് നേതാക്കളായ പിഎംഎ സലാം, കെഎം ഷാജി എന്നിവരുടെ പ്രതികരണങ്ങള്‍, തര്‍ക്കം രൂക്ഷമാക്കിയ സിഐസി വിഷയവും സുപ്രഭാതവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പരിഹാരം കണ്ടെത്തുകയാണ് സമവായ ചര്‍ച്ചയുടെ ലക്ഷ്യം.