'കരാര്‍ പണിയുടെ ബില്‍ എഴുതണമെങ്കില്‍ മദ്യവും പണവും'; അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം

അഴിമതിക്കാരനായ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായി കരാര്‍ ജീവനക്കാരന്‍ ദേവസ്വം പ്രസിഡന്റ് വാസുവിന് പരാതി നല്‍കി.

അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജയമോഹനനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കരാര്‍ ജീവനക്കാരനാണ് പരാതി നല്‍കിയത്.

കൈക്കൂലിക്കാരനായ വിജയമോഹനന്‍ എന്ന ഉദ്യോഗസ്ഥനെ എരുമേലി ഉള്‍പ്പെടുന്ന മുണ്ടക്കയം അസിസ്റ്റന്റ് എന്‍ജിനീയറായി സ്ഥലമാറ്റം നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്നും പരാതിയില്‍ പറയുന്നു.

രണ്ടുവര്‍ഷം മുന്‍പ് പമ്പയില്‍ ജോലി ചെയ്യുന്ന സമയത്ത് കരാറുകാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് കേരള ഹൈക്കോടതി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത വ്യക്തിയാണ് വിജയമോഹന്‍.

അഴിമതി തടയാനായി ബില്‍ എഴുതാന്‍ പറ്റാത്ത ആഡിറ്റ് അസിസ്റ്റന്റ് എന്‍ജിനീയറായിട്ടോ, എസ്‌റ്റേറ്റ് വിഭാഗത്തിലെ എന്‍ജിനീയറായിട്ടോ വിജയകുമാറിനെ നിയമിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

കരാര്‍ പണിയുടെ ബില്‍ എഴുതണമെങ്കില്‍ മദ്യവും പണവും മുന്‍കൂറായി ലഭിക്കണം എന്നത് വിജയമോഹന്റ് അലിഖിത നിയമായിരുന്നെന്നും നോട്ട് നിരോധന സമയത്ത് അദ്ദേഹത്തിന്റെ ചുമതലയിലുള്ള പെട്രോള്‍ പമ്പ് വഴി 24 ലക്ഷം രൂപയുടെ പഴയ രൂപ മാറിയെടുത്തെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.