ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച ആൽവിൻ ജോർജിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം ഇന്ന് നടത്തും. ഇൻക്വസ്റ്റ് പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്. നടപടികൾക്ക് ശേഷം പത്ത് മണിക്ക് ആൽവിൻ പഠിച്ചിരുന്ന മെഡിക്കൽ കോളേജ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച ശവസംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ആൽവിൻ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ നേരത്തെ മരിച്ചത്.
Read more
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേരെ നാട്ടുകാർ ചേര്‍ന്ന് പുറത്തെടുത്തു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എത്തി വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു.