എ.കെ.ജി സെന്റര്‍ ആക്രമണം; അടിയന്തര പ്രമേയത്തിന് അനുമതി, ലക്ഷക്കണക്കിന് പേര്‍ക്ക് വേദനയുണ്ടാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി

എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവെച്ച് രണ്ട് മണിക്കൂര്‍ നേരമാണ് വിഷയം ചര്‍ച്ച ചെയ്യുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച.

എകെജി സെന്റര്‍ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബോംബേറ് രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്ത കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലെ രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം ആക്രമണം നടന്ന് നാലാം ദിവസമാകുമ്പോഴും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എഡിജിപിയും കമ്മീഷണറും 4 ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറിലെ യാത്രക്കാരനല്ല പ്രതിയെന്ന പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സ്‌കൂട്ടറില്‍ പോയത് നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ആളെയാണ് അറസ്റ്റ് ചെയ്തത്. അന്തിയൂര്‍ കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ എകെജി സെന്ററില്‍ സ്ഫോടക വസ്തു എറിഞ്ഞതില്‍ ഇയാളുടെ പങ്ക് കണ്ടെത്താനായില്ല. തുടര്‍ന്ന ഇയാളെ ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.