പ്രീ-ഡിഗ്രി പാസാവാത്ത  ജോളിയുടെ കൈവശം ബി.കോം, എം.കോം ബിരുദ സർട്ടിഫിക്കറ്റുകൾ

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളിയുടെ കെെവശം ബി.കോമും എം.കോമും പാസായതിന്റെ സർട്ടിഫിക്കറ്റുകൾ. ജോളി  പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് നേരത്തെ  കണ്ടെത്തിയിരുന്നു.

എം.ജി സർവകലാശാലയുടെ ബി.കോം, കേരള സർവകലാശാലയുടെ എം.കോം പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടിൽ  നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്. എൻഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചതെന്നു പൊലീസിന്റെ  നിഗമനം.

സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ പൊലീസ് കേരള, എം.ജി റജിസ്ട്രാർമാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റുകൾ ജോളി വ്യാജമായി നിർമിച്ചതാണെന്നു തെളിഞ്ഞാൽ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുൻപും ജോളി വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാൻ പൊലീസിനു കഴിയും.

വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിയിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താൻ എം.കോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

പക്ഷേ, പാലായിലെ പാരലൽ കോളജിൽ ബി.കോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണു ബി.കോമിനു ചേർന്നതെന്നതു സംബന്ധിച്ച് അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല. പാലായിലെ പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. ചില കംപ്യൂട്ടർ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളും ജോളിയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.