'അരിക്കൊമ്പന്റെ പുനരധിവാസം ഏറെ പ്രയാസകരം'ജനങ്ങളുടെ മനസ്സ് കാണാതെ പോകാന്‍ സര്‍ക്കാരിന് കഴിയില്ല; സുപ്രീംകോടതിയെ അറിയിക്കുമെന്ന് വനം മന്ത്രി

അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പിലാക്കുന്ന കാര്യം ഏറെ പ്രയാസകരമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ ശക്തമായ പ്രതിഷേധമാണ് അവിടെ ഉണ്ടായത്. ജനങ്ങളെ പ്രകോപിപ്പിച്ച് കൊണ്ട് മുന്നോട്ട് പോകുന്നത് പ്രയാസകരമാണ്. അവരുടെ മനസ് കാണാതെ പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലെ എതിര്‍പ്പും സങ്കീര്‍ണതകളും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കും. സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇന്ന് തന്നെ അപേക്ഷ ഓണ്‍ലൈനായി സുപ്രീംകോടതിയില്‍ നല്‍കും.

കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്നും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത് അതിന് വേണ്ടിയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ജനവാസ മേഖലയിലൂടെ കടന്ന് പോകുന്ന സ്ഥലം മാത്രമാണ് ഉള്ളത്. വനം വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഏത് സ്ഥലത്തേക്ക് മാറ്റിയാലും എല്ലായിടത്തും ജനകീയ പ്രതിഷേധം ഉണ്ടാകും എന്നാണ് കണ്ടെത്തിയത്.

ഈ പ്രശ്‌നവും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. നെന്മാറ എംഎല്‍എ കെ ബാബു കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി മറ്റിടങ്ങളിലേക്ക് മാറ്റുന്നതിലുള്ള സാദ്ധ്യത പരിശോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്,’ മന്ത്രി വ്യക്തമാക്കി.