എയിംസ് കേരളം ചോദിക്കാതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നല്‍കണം; സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

യിംസ് കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം ചോദിക്കാതെ നല്‍കേണ്ടതാണ് എയിംസ്. കേരളത്തിന്റെ ആരോഗ്യസൂചിക വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണ്. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇത്തവണ എയിംസ് അനുവദിക്കുമെന്നാണ് കരുതിയത്. കോഴിക്കോടുള്ള സ്ഥലവും ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. എന്നാല്‍ എയിംസ് അനുവദിച്ച് കേന്ദ്രം പുറത്തിറക്കിയ പട്ടികയില്‍ കേരളമില്ലായിരുന്നു. സംസ്ഥാനത്തിന് എയിംസ് അനുവദിക്കാന്‍ ഇനിയും കാലതാമസം പാടില്ല.

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പരസ്പര യോജിപ്പിന്റെ മികച്ച മാതൃകയാണ്. കേരളത്തിന് അര്‍ഹതപ്പെട്ട കൂടുതല്‍ ആനുകൂല്യങ്ങള്‍ കേന്ദ്രത്തില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ആലപ്പുഴയുടെ ആരോഗ്യമേഖലയ്ക്ക് പുതിയമുഖം കൈവരും. ഇവിടേക്ക് ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഉടന്‍ നിയമിക്കും.

Read more

ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷി സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണ്. ജീവിതശൈലീ രോഗപ്രതിരോധ ബോധവല്‍ക്കരണത്തിനൊപ്പം ചികിത്സയും സംസ്ഥാനത്ത് പുരോഗമിക്കുന്നു. ആരോഗ്യമേഖലയില്‍ ഗവേഷണവും പ്രോത്സാഹിപ്പിക്കണം. ഗവേഷണഫലങ്ങള്‍ ആരോഗ്യമേഖലയിലെ ഉല്‍പ്പന്നങ്ങളാക്കി മാറ്റണം. 50 വര്‍ഷം മുന്‍കൂട്ടിയുള്ള ആരോഗ്യരംഗം മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.