ആലപ്പുഴയിൽ എയിംസ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ തുടർനടപടി ഉണ്ടാകുമെന്ന് സുരേഷ് ഗോപി അറിയിച്ചു. മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും മന്ത്രി അറിയിച്ചു.
സ്ഥലം സർക്കാർ രേഖാമൂലം അറിയിക്കണം. തൃശ്ശൂരിലും എവിടെ പദ്ധതി നടപ്പാക്കാൻ പറ്റും എന്നത് രേഖാമൂലം അറിയിക്കാൻ സർക്കാർ തയ്യാറാകണം. അങ്ങനെയെങ്കിൽ പദ്ധതി യാഥാർത്ഥ്യമാക്കാം എന്ന് ജെപി നദ്ദ തന്നെ അറിയിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം നേരത്തെ എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്‌ത് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.
ബിജെപിയുടെ എല്ലാ എതിർപ്പുകളും അവഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റി തന്നെ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, എയിംസ് കേരളത്തിൽ എവിടെ വന്നാലും സ്വാഗതം ചെയ്യും എന്നാണ് ബിജെപിയുടെ നിലപാട്. ഓരോ ജില്ലാ കമ്മിറ്റിക്കാരും എവിടെ വേണം എന്ന് ആവശ്യപ്പെടുമെന്നും കേന്ദ്രം അതിൽ തീരുമാനം എടുക്കുമെന്നും എം.ടി. രമേശ് വ്യക്തമാക്കിയിരുന്നു. അതിനിടെ ശബരിമല വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. താൻ ഭക്തനാണ് എന്നായിരുന്നു പ്രതികരണം.







