എ.ഐ ക്യാമറ അഴിമതി: സമരം ശക്തമാക്കാന്‍ യു.ഡി.എഫ്; മെയ് 20- ന് സെക്രട്ടേറിയറ്റ് വളയും

എ.ഐ ക്യാമറ അഴിമതിയില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങി യു.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ മെയ് 20 ന് സെക്രട്ടേറിയറ്റ് വളയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സെക്രട്ടേറിയറ്റ് വളയലിന് മുന്‍പായി തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യുഡിഎഫ് നേതൃസംഗമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ ക്യാമറ അഴിമതി രണ്ടാം ലാവ്ലിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു. കരാറിനെതിരെ ഏഴു ചേദ്യങ്ങള്‍ ഉന്നയിച്ച സതീശന്‍ അവയെല്ലാം ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, എഐ കാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കെല്‍ട്രോണില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്്. ഈ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പി രാജീവ് അറിയിച്ചു.

എ ഐ കാമറയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജലന്‍സ് അന്വേഷണത്തിനായി എല്ലാ വിവരങ്ങളും കെല്‍ട്രോണ്‍ കൈമാറുമെന്ന് പി രാജീവ് പറഞ്ഞു.ടെണ്ടര്‍ ഡോക്യുമെന്റ് അടക്കം എല്ലാ രേഖകളും കെല്‍ട്രോണ്‍ പ്രസിദ്ധീകരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറുച്ചുവയ്കാന്‍ ഇല്ല. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.