എഐ ക്യാമറ അഴിമതി; പൊതുതാത്‌പര്യ ഹർജി ഇന്ന് പരിഗണിക്കും

സംസ്ഥാനത്ത് എ ഐ ക്യാമറ പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പൊതുതാൽപ്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, രമേശ് ചെന്നിത്തലയുമാണ് പൊതു താൽപര്യ ഹർജി നൽകിയത്.

പദ്ധതിയിൽ നിന്ന് പിന്മാറാനുണ്ടായ കാരണങ്ങൾ അടക്കം വിശദീകരിച്ച് ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കൺസോർഷ്യത്തിൽ സഹകരിച്ചു. എന്നാൽ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെടുകയും സംശയം തോന്നിയതിനെ തുടർന്ന് കൺസോർഷ്യത്തിലെ മറ്റംഗങളെ ഇക്കാര്യം ധരിപ്പിച്ചു കൊണ്ട് പിന്മാറുകയായിരുന്നുവെന്നുമാണ് ലൈറ്റ് മാസ്റ്റർ കോടതിയെ അറിയിച്ചിട്ടുള്ളത്.

കൂടാതെ ലാഭവിഹിതം 40% ൽ നിന്നും 32 ശതമാനമാക്കി കുറച്ചതും പിന്മാറിയതിനുള്ള കാരണമായി കമ്പനി വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ തുടക്കം മുതൽ തന്നെ പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കരാർ ഇടപാടുകളിലടക്കം ക്രമക്കേടുള്ളതായി രേഖകൾ ഉൾപ്പെടെ പുറത്തുവിട്ടായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ വ്യക്തമായ വിശദീകരണം നൽകാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല.