രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്; കേസെടുത്തിരിക്കുന്നത് ജയിലിന് മുന്നിലെ ആഹ്‌ളാദ പ്രകടനത്തിന്

യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിലെ ആഹ്‌ളാദ പ്രകടനത്തിനാണ് കേസെടുത്തിരിക്കുന്നത്ൽ. ഷാഫി പറമ്പിൽ, അൻവർ സാദത്ത് എംഎൽഎമാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഗതാഗത തടസമുണ്ടാക്കി, ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോർഡ് നശിപ്പിച്ചു, പൊതുജന സമാധാനം തകർത്തുവെന്നും ആണ് എഫ്ഐആർ. പൊലീസ് ആജ്ഞ ലംഘിച്ചു ന്യായവിരുദ്ധ പ്രവർത്തി നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ രാഹുൽ കഴിഞ്ഞ ദിവസം രാത്രിയാണ് ജയിൽ മോചിതനായത്.

8 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻസ്വീകരണമാണ് പൂജപ്പുര ജയിലിന് മുൻപിൽ കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുക്കിയത്. ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ്, ഷാഫി പറമ്പിൽ എംഎൽഎ, പിസി വിഷ്ണുനാഥ് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.