പ്രാഥമിക അന്വേഷണത്തിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കും; ഡിജിപി പുതിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി; പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാന്‍ പൊലീസ്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഇന്നലെ ലഭിച്ച പരാതിയിലാണ് പൊലീസ് കേസ് എടുക്കാന്‍ തീരുമാനിച്ചത്. ഗുരുതര സ്വഭാവമുള്ള പരാതി തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഇന്നലെ ലഭിച്ച പരാതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്ര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

പ്രാഥമിക അന്വേഷണം നടത്തി കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു. പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും മുമ്പ് തന്നെ പ്രാഥമിക അന്വേഷണം നടത്തു. 2024 ല്‍ നടന്ന സംഭവമായതിനാല്‍ കൃത്യമായ ഡിജിറ്റല്‍ തെളിവുകളും ടവര്‍ ലൊക്കേഷനും ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും പൊലീസ് കരുതുന്നു. ബലാല്‍സംഗ പരാതിയായതിനാല്‍ തന്നെ ഗൗരവമായാണ് പൊലീസ് വിഷയത്തെ കാണുന്നത്. പരാതിക്കാരിക്ക് കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യം ഉണ്ടോയെന്നതടക്കം പരിഗണിച്ചാവും തുടര്‍ നടപടി.

Read more

അതേ സമയം രാഹുലിനെതിരെ നടപടി കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. കെപിസിസി ശുപാര്‍ശയോടെ എഐസിസി തീരുമാനമെടുക്കും. തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിര്‍ബന്ധിത ഗര്‍ഭച്ഛിത്ര കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കുകയാണ്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വാദം.