ദത്ത് വിവാദം; ഡി.എന്‍.എ പരിശോധന നടപടികളില്‍ ദുരൂഹതയുണ്ടെന്ന് അനുപമ; സാമ്പിള്‍ ശേഖരിച്ചു

 

അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ഡി.എന്‍.എ പരിശോധനയ്ക്കായി വനിതാ ശിശുവകുപ്പ് ഉദ്യോഗസ്ഥര്‍ പാളയത്തെ നിര്‍മ്മല ശിശുഭവനില്‍ എത്തി കുഞ്ഞിൽ നിന്നും ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു നടപടി ക്രമങ്ങള്‍.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലാണ് പരിശോധന നടത്തുക. ഇവിടുത്തെ ഉദ്യോഗസ്ഥരും ശിശു ഭവനിലെത്തിയിട്ടുണ്ട്. കുഞ്ഞിൽ നിന്നും ഡി.എന്‍.എ സാമ്പിൾ ശേഖരിച്ച ശേഷം കുഞ്ഞ് തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിക്കുന്ന അനുപമയിൽ നിന്നും അജിത്തിൽ നിന്നും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിയ്ക്കും.

അതേസമയം ഡി.എന്‍.എ പരിശോധനയില്‍ ദുരൂഹതയുണ്ടെന്നും അധികൃതര്‍ തന്റെ ഫോണ്‍ എടുക്കുകയോ ഡി.എന്‍.എ സാമ്പിള്‍ എടുക്കുന്ന വിവരം അറിയിക്കുകയോ ചെയ്യുന്നില്ലെന്നും അനുപമ പറഞ്ഞു. കുറ്റം ചെയ്തവരാണ് ഇപ്പോഴും അധികാര സ്ഥാനത്തിരിക്കുന്നത് എന്നും അനുപമ ആരോപിച്ചു.

കുഞ്ഞിന്റെയും തന്റെയും ഡി.എന്‍.എ പരിശോധന ഒന്നിച്ച് നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടു. പരിശോധന പ്രത്യേകം നടത്തുന്നത് വിശ്വാസയോഗ്യമല്ല, തന്റെ കുഞ്ഞിനെ തന്നെ പരിശോധനയ്ക്ക് എത്തിക്കുമെന്ന് എന്താണ് ഉറപ്പ്? ഇത്രയും ചെയ്തവര്‍ക്ക് പരിശോധനയില്‍ തിരിമറി നടത്താനും കഴിയും. വ്യക്തിവൈരാഗ്യം കൊണ്ടാണ് പരിശോധന വൈകിപ്പിക്കുന്നത്. പരിശോധനയില്‍ അട്ടിമറി നടക്കാന്‍ സാധ്യത ഉണ്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് മുന്‍പ് കുഞ്ഞിനെ കാണണമെന്നും അനുപമ ആവശ്യപ്പട്ടിരുന്നു.

ഇന്നലെ രാത്രി എട്ടരയ്ക്കാണ് ആന്ധ്രയിലെ ദമ്പതികളില്‍ നിന്നും ഏറ്റുവാങ്ങിയ കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിച്ചത്. നിര്‍മ്മല ശിശുഭവനിലാണ് കുഞ്ഞിനു സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല.

ഈ മാസം 30ന് കോടതി വീണ്ടും കേസ് പരിഗണിക്കും. ഇതിന് മുന്‍പായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡിഎന്‍എ പരിശോധനാഫലം അടക്കമുള്ള അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.