അടിമുടി ക്രമക്കേട്; കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റില്‍ കൂടുതല്‍ അന്വേഷണം; കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി

കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ യഥാര്‍ഥ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വ്യാജമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കൈപറ്റിയവര്‍ ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ കുട്ടിയെ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടി ജനിച്ചത് ഓഗസ്റ്റ് 27ന്. സിഡബ്‌ള്യൂസി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ തേടിയെങ്കിലും വ്യാജമെന്നാണ് നിലവിലെ കണ്ടെത്തല്‍.ശരിയായ അച്ഛനമ്മമാര്‍ നല്‍കിയ മേല്‍വിലാസവും തെറ്റാണ്.ഫോണ്‍ നമ്പറിലും ലഭ്യമല്ല. സെപ്റ്റംബര്‍ ആറിനാണ് ഇവര്‍ ജനന സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോ എന്നും പരിശോധിക്കും.സിഡബ്‌ള്യൂസി വിഷയത്തില്‍ അന്വേഷണം തുടങ്ങി

അതേസമയം, എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ നിന്നു വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് നല്‍കിയ പരാതിയിലും നഗരസഭയിലെ ജനന മരണ റജിസ്‌ട്രേഷന്‍ വിഭാഗത്തിലെ കിയോസ്‌ക് എക്‌സിക്യൂട്ടീവ് എ.എന്‍.രഹ്ന നല്‍കിയ പരാതിയിലും മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായ എ.അനില്‍കുമാറിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അനില്‍കുമാറിനെ വെള്ളിയാഴ്ച വൈകിട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജനുവരി 31ന് ഉച്ചയ്ക്ക് 12.05ന് തൃപ്പൂണിത്തുറ വടക്കേക്കോട്ടവാതില്‍ അനുപ്രിയ ഹൗസില്‍ അനൂപ്കുമാര്‍സുനിത ദമ്പതികള്‍ക്കു പെണ്‍കുഞ്ഞ് പിറന്നുവെന്നു കാണിച്ചു ഫെബ്രുവരി ഒന്നിനാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. വിവരങ്ങള്‍ എഴുതി നല്‍കിയ ജനന റിപ്പോര്‍ട്ടില്‍ ഐപി നമ്പര്‍ ‘137 എ’ എന്നാണ് എഴുതിയിരുന്നത്.

ഇരട്ടക്കുട്ടികള്‍ ഉണ്ടാകുമ്പോഴാണ് ‘എ, ബി’ എന്നു രേഖപ്പെടുത്താറുള്ളത്. ഈ നമ്പറില്‍ സംശയം തോന്നിയ താന്‍ ലേബര്‍ റൂമില്‍ നേരിട്ടെത്തി നഴ്‌സുമാരോട് അന്വേഷിച്ചതില്‍ അനൂപ്കുമാര്‍സുനിത ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചതായ ഒരു പ്രസവവും അവിടെ നടന്നിട്ടില്ലെന്നു വ്യക്തമായെന്നാണ്

രഹ്നയുടെ പരാതിയില്‍ പറയുന്നത്. 2ന് മെഡിക്കല്‍ സൂപ്രണ്ടിനെയും മുനിസിപ്പല്‍ അധികാരികളെയും വിവരം അറിയിച്ചുവെന്നും രഹ്ന പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനില്‍കുമാറിനെ ചോദ്യം ചെയ്യുമ്പോള്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു പൊലീസ് പറഞ്ഞു.