തനിക്കറിയാവുന്ന എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കി; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികത ഉള്ളതായി കരുതുന്നില്ലെന്ന് അടൂര്‍ പ്രകാശ്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പാകെ ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശ് മൊഴിനല്‍കി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. മറുപടിയില്‍ അവ്യക്തതയുണ്ടോ എന്ന് പറയേണ്ടത് എസ്ഐടി ആണെന്നും ചോദ്യം ചെയ്യലിന് ശേഷം അടൂര്‍ പ്രകാശ് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചിട്ടില്ലെന്നും തന്റെ മറുപടിയില്‍ അവ്യക്ത ഉണ്ടോയെന്നു പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ചോദ്യംചെയ്യാന്‍ വിളിച്ചിപ്പിച്ചതില്‍ അസ്വാഭാവികത ഉള്ളതായി കരുതുന്നില്ലെന്നും മാധ്യമങ്ങളോട് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ശബരിമല സ്വര്‍ണകൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഫോട്ടോകള്‍ നേരത്തെ പുറത്തുവരികയും ശക്തമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചതുമെല്ലാം ചോദ്യംചെയ്യലില്‍ ഉള്‍പ്പെട്ടതായാണ് സൂചന.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രാവിലെയാണ് അടൂര്‍ പ്രകാശിനെ എസ്‌ഐടി വിളിച്ചുവരുത്തി ചോദ്യംചെയ്തത്. മൂന്നുമണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടുനിന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹിയില്‍ സോണിയ ഗാന്ധിയെ കാണാന്‍ പോയപ്പോള്‍ അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. എന്നാല്‍, തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോള്‍ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ വിശദീകരണം.

Read more

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ യുഡിഎഫ് പ്രചാരണം നടത്തി വരുന്നതിനിടെയാണ് എസ്‌ഐടി യുഡിഎഫ് കണ്‍വീനറെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. ഉണ്ണി കൃഷ്ണന്‍ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് നേരത്തെ സമ്മതിച്ച അടൂര്‍ പ്രകാശ് ശബരിമല കേസുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂര്‍ പ്രകാശിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.