'എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല, പറഞ്ഞത് അഴിമതിക്കെതിരെ'; പി പി ദിവ്യ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ലെന്നും പറഞ്ഞത് അഴിമതിക്കെതിരെയാണെന്നും ദിവ്യ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.

യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെയാണ്.എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല.ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചത്. അതേസമയം ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടർ പറഞ്ഞിട്ടാണ്. യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം പിപി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക. അതേസമയം നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും. വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം നാടകീയമായി ദിവ്യ പൊലീസിന് മുന്നിലെത്തിയത്. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം റിമാന്‍റിലുള്ള ദിവ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നൽകണോ എന്നതിൽ അന്വേഷണ സംഘത്തിന്‍റെ തീരുമാനം ഇന്നുണ്ടായേക്കും. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

Read more