അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ബസ്സിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

മലപ്പുറത്ത് നിന്ന് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിയ സംഘം സഞ്ചരിച്ച ബസ് മുനിയറയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്.മലപ്പുറം വളാഞ്ചേരി റീജിയണല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

വിനോദ യാത്ര കഴിഞ്ഞ് വിദ്യാര്‍ത്ഥി സംഘം തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നേ കാലോടെയായിരുന്നു അപകടം നടന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി.

വീതി കുറഞ്ഞ റോഡായതുകൊണ്ടുള്ള പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി എസ്പി വി യു കുര്യാക്കോസ്, ജില്ലാ കളക്ടര്‍ ഷിബ ജോര്‍ജ്ജ് ഐഎഎസ് എന്നിവര്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. അതേസമയം അപകടങ്ങള്‍ ഇവിടെ നിത്യ സംഭവമാണെന്നും അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് ഇതിന് പിന്നിലെന്നും നാട്ടുകാര്‍ പറഞ്ഞു.