അബുദാബിയിലെ സ്പാ ഉദ്ഘാടന ചടങ്ങിൽ എഡിജിപി എസ്. ശ്രീജിത്ത്; അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

കേരളത്തിൽ സ്പാ വിവാദം അരങ്ങ് തകർക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് സേനയെ വെട്ടിലാക്കി മറ്റൊരു സ്പാ വിവാദം കൂടി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത് ഐ.പി.എസ് നടത്തിയ വിദേശയാത്ര സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും വിജിലൻസ് ഡയറക്ടർക്കും അഡ്വ. ഷാജഹാൻ നൽകിയ പരാതിയിലാണ് ഗൗരവമായ പരാമർശമുള്ളത്. 2026 ഫെബ്രുവരി 1ന് വൈകീട്ട് നടന്ന അബുദാബിയിലെ ഒരു സ്വകാര്യ ആയുർവേദിക് മെഡിക്കൽ സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങിലും ഇതു സംബന്ധമായ മറ്റ് ചടങ്ങുകളിലും പങ്കെടുക്കാനായി എഡിജിപി ശ്രീജിത്ത് നടത്തിയ വിദേശയാത്രയെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതൊരു ആയുർവേദ സ്പാ ആണെന്നും, ഈ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി Nawa ayurveda ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾ വഴി നൽകിയ പ്രചരണ പോസ്റ്ററുകളിലും വീഡിയോകളിലും ഐ.പി.എസ് ഓഫീസറുടെ ഔദ്യോഗിക യൂണിഫോമിലുള്ള എഡിജിപി ശ്രീജിത്തിൻ്റെ ഫോട്ടോ ഉൾപ്പെടെ നൽകിയിട്ടുണ്ട് എന്നതും അതിൻ്റെ ചിത്രങ്ങൾ ഉൾപ്പെടെ ഹാജരാക്കിയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഇങ്ങനെ പബ്ലിസിറ്റി നൽകി, ഐ.പി.എസ് ഓഫീസറായ ശ്രീജിത്ത് ചീഫ് ഗസ്റ്റായി പരിപാടിയിൽ പങ്കെടുക്കുന്നു എന്ന് പ്രചരിപ്പിച്ചാണ് ആളുകളെ ഈ പരിപാടിയിലേക്ക് ആകർഷിച്ചിരിക്കുന്നത് എന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുവഴി യഥാർത്ഥത്തിൽ സ്വകാര്യ സ്പാ സ്ഥാപനത്തിൻ്റെ പരസ്യ പ്രചരാകനായാണ് എഡിജിപി ശ്രീജിത്ത് മാറിയിരിക്കുന്നത്. അബുദാബിയിൽ എത്തിയ ശ്രീജിത്തിനെ വിമാനതാവളത്തിൽ വച്ചും മറ്റും സ്വീകരിക്കുന്ന ഫോട്ടോകളും, വീഡിയോകളും ഇൻസ്റ്റയിലൂടെ ഇതിനകം തന്നെ പുറത്ത് വന്നതിൻ്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഈ ചടങ്ങിൽ ശ്രീജിത്തിന് ഒപ്പം പങ്കെടുത്ത സിനിമാ താരം ഇനിയ ജനുവരി 31 ന് Nawa ayurveda ഇൻസ്റ്റാഗ്രാമിൽ ഇട്ട ഒരു പോസ്റ്റിൽ താൻ അബുദാബിയിൽ എത്തിയെന്നും തൻ്റെ ഒപ്പം ഈ ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുക്കാൻ ഗവൺമെൻ്റ് ഒഫിഷ്യൽസും എത്തിയിട്ടുണ്ട് എന്നുമാണ് പറഞ്ഞിരിക്കുന്നത്.

ചീഫ് ഗസ്റ്റ് എഡിജിപി ശ്രീജിത്ത് ആണെന്നത് നടിക്കൊപ്പം ശ്രീജിത്ത് ഐ.പി.എസ് ഔദ്യോഗിക യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോയിൽ നിന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്. നടി ഇനിയയും ഇങ്ങനെ പറഞ്ഞു കൊണ്ടാണ് അബുദാബിയിലെ ഈ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ഇതെല്ലാം തന്നെ അതീവ ഗൗരവമുള്ള കാര്യങ്ങളാണ് എന്നും പരാതിയിൽ എടുത്ത് പറയുന്നുണ്ട്. ഈ വീഡിയോ നടി ഇനിയ പിന്നീട് ഡിലിറ്റ് ചെയ്തെങ്കിലും ഡിലിറ്റ് ചെയ്യുന്നതിനു മുൻപ് ഡൗൺലോഡ് ചെയ്ത ഭാഗം അന്വേഷണത്തിൻ്റെ ഭാഗമായി ആവശ്യപെട്ടാൽ കൈമാറാൻ തയ്യാറാണ് എന്നാണ് പരാതിക്കാരൻ പറയുന്നത്.

ഒരു ഉത്തരവാദിത്വപ്പെട്ട ഐ.പി.എസ് ഓഫീസർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുക്കുക വഴി എഡിജിപി ശ്രീജിത് ചെയ്തിരിക്കുന്നത്. ഇത് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ ചട്ടങ്ങൾക്ക് എതിരായതിനാൽ നടപടി അനിവാര്യമാണ്. മാത്രമല്ല, Nawa ആയുർവേദിക്ക് മെഡിക്കൽ സെന്ററിന്റെ പരസ്യ പോസ്റ്റുകളിലും വീഡിയോയിലും എഡിജിപി ശ്രീജിത്ത് പ്രത്യക്ഷപ്പെട്ടതും, തിരക്കിട്ട് അബുദാബിയിൽ എത്തിയതും എല്ലാം കേവലം സാമ്പത്തിക താൽപര്യം മുൻ നിർത്തി മാത്രമാണോ അതിനും അപ്പുറം വല്ല രഹസ്യവും ഉണ്ടോ എന്ന സംശയവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

Read more

വിദേശ രാജ്യത്ത് ഇത്തരം സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുക്കാനും, പരസ്യത്തിൽ പ്രതൃക്ഷപ്പെടാനും ആരാണ് എഡിജിപി ശ്രീജിത്തിന് അനുമതി കൊടുത്തത് എന്നതാണ് പരാതിക്കാരൻ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം.
ഇതു സംബന്ധമായ മുഴുവൻ വിവരങ്ങളും ഇടപാടുകളും പുറത്ത് കൊണ്ടുവരാൻ എഡിജിപി ശ്രീജിത്തിൻ്റെയും സ്വകാര്യ സ്പാ ഉടമകളുടെയും, നടിയുടെയും യാത്രാ രേഖകളും, അബുദാബിയിൽ വച്ച് ശ്രീജിത്ത് ആരെയൊക്കെ സന്ദർശിച്ചു എന്നതും ഉൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കും വിജിലൻസ് ഡയറക്ടർക്കും പുറമെ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനും ഷാജഹാൻ പരാതി നൽകിയിട്ടുണ്ട്.