യുവനേതാവ് ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതി ഉന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. സിപിഎം നേതാവ് കെജെ ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്. റിനിയെ സിപിഎമ്മിലേക്ക് കെജെ ഷൈൻ സ്വാഗതം ചെയ്തു. സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെജെ ഷൈൻ വിമർശിച്ചു.
നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് റിനി പ്രതിഷേധ കൂട്ടായ്മയുടെ വേദിയിലും ആവർത്തിച്ചത്. ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരെടുത്ത് പറഞ്ഞുകൊണ്ട് ഇന്നലെയും ആരെയും വിമർശിക്കാൻ റിനി തയാറായിട്ടില്ല. “എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്‌ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ആ നേതാവിൻ്റെ പേരു പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദ്ദശ്യമുണ്ടായിരുന്നില്ല.
രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൻമാർ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാൻ ഉന്നയിച്ചത്. രാഷ്ട്രീയത്തിൽ കടന്നുവരുന്ന നേതാക്കൻമാർ സ്ത്രീകളോട് എങ്ങനെ ധാർമികതയോടെ പെരുമാറണമെന്നും എങ്ങനെ മുന്നോട്ടു പോകണമെന്നും ഉള്ള കാര്യം മാത്രമാണ് ഞാൻ പങ്കുവച്ചത്. പക്ഷേ ഭയാനകമായ സൈബർ ആക്രമണമാണ് എനിക്ക് നേരിടേണ്ടി വന്നത്” – റിനി പറഞ്ഞു.
Read more
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് പോലും വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കെകെ ശൈലജയും പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി വളരെ അടുപ്പമുള്ള കുടുംബ പശ്ചാത്തലമാണ് റിനിയുടേത്. എന്നാൽ, കോൺഗ്രസിന്റെ ഏതെങ്കിലും ഭാരവാഹിത്വം വഹിക്കുന്നില്ല.







