നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്ന കേസില്‍ അന്വേഷണം അവസാനിപ്പിച്ചു

കൊച്ചിയില്‍ നടിയെ കാറില്‍ അക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പ്രതി ദിലീപിന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിറക്കി. പരാതിയിന്മേല്‍ കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജു പൗലോസിനെ നേരത്തെ താക്കീത് ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസാണു കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം എന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. അതിനിടെ, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും ഉന്നയിച്ചേക്കും. ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.