അൻവറിനെ യുഡിഎഫിൽ പ്രവേശിപ്പിക്കാത്ത വിഡി സതീശനെ താൻ സല്യൂട്ട് ചെയ്യുകയാണെന്ന് നടൻ ജോയി മാത്യു. അൻവറിന് അവിടെ കിട്ടിയ വോട്ട് ആര് നിന്നാലും കിട്ടുമെന്നും ജോയ് മാത്യു പറഞ്ഞു. അൻവറിനെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ പല നേതാക്കൻമാരും ശ്രമിക്കുന്നുണ്ട്. അവരെ പറഞ്ഞ് മനസിലാക്കണമെന്നും കോഴിക്കോട് ഡിസിസിയിൽ നടന്ന സികെജി അനുസ്‌മരണത്തിൽ ജോയി മാത്യു പറഞ്ഞു.
‘അൻവർ അവിടെ മത്സരിക്കുമ്പോൾ നമ്മുടെ എല്ലാം കണക്കുപ്രകാരം ആ വോട്ട് ലഭിക്കുമായിരുന്നു. ഏത് പൊട്ടൻ നിന്നാലും അൻവറിന് കിട്ടിയ വോട്ട് കിട്ടും. കാരണം ഒമ്പത് കൊല്ലം എംഎൽഎ ആയിട്ടുള്ള ഒരാൾ മിനിമം ഒരു ആയിരം വീടുകളിൽ ജനനത്തിനോ മരണത്തിനോ കല്യാണത്തിനോ പോയിട്ടുണ്ടാകും. പലർക്കും ചെയ്‌തു നൽകിയ സഹായത്തിന്റെ നന്ദിയും ഉണ്ടാവും. അതിനെ വർഗീയ വോട്ട് എന്നൊന്നും പറയേണ്ടതില്ല’
‘ഒരു വീട്ടിൽ നിന്ന് മൂന്ന് പേർ വീതം വോട്ട് ചെയ്‌താൽ തന്നെ മുപ്പതിനായിരം വോട്ടുകൾ കിട്ടേണ്ടതായിരുന്നു. എന്നാൽ പതിനായിരക്കണക്കിന് ആളുകൾക്ക് ബുദ്ധി ഉണ്ടായിരുന്നു. അവർ ആര്യാടന് വോട്ട് ചെയ്‌തു. ഇരുപതിനായിരം വോട്ട് മാത്രമാണ് അൻവറിന് കിട്ടിയുള്ളൂ’ എന്നും ജോയ് മാത്യു പറഞ്ഞു. അൻവറിനെ കോൺഗ്രസിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ താൻ ഇവിടെ പ്രസംഗിക്കാൻ വരില്ലായിരുന്നു എന്നും ജോയ് മാത്യു പറഞ്ഞു.
Read more
‘നിലപാടിലെ കണിശതായാണ് നമ്മുടെ വിജയമെന്ന് ഞാൻ പ്രതിപക്ഷ നേതാവിനോട് കണ്ടപ്പോൾ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല കാര്യം, നമ്മൾ ഒരു നിലപാട് എടുത്താൽ അതിന് റിസൾട്ട് ഉണ്ടാകണം. അധികാര രാഷ്ട്രീയത്തിന് വേണ്ടി വില പേശുന്ന അതിന് വേണ്ടി എന്ത് ക്രിമിനൽ പ്രവർത്തനത്തിലും ഏർപ്പെടുന്ന ആളുകളെ കൂടെ നിർത്താതിരിക്കുക. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ എന്ത് ഓഫറുകൾ മുന്നോട്ട് വെച്ചാലും സ്വീകരിക്കാതിരിക്കുക’- ജോയി മാത്യു പറഞ്ഞു.