കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ അപകടം; നാല് മരണം; 46 പേര്‍ക്ക് പരിക്ക്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളയ്ക്കിടെ തിരക്കില്‍പ്പെട്ട് നാല് മരണം. 46 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളയ്ക്കിടെയാണ് അപകടം സംഭവിച്ചത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്.

ഗാനമേളയ്ക്ക് നൃത്തവും ആഘോഷവുമായി പരിപാടി നല്ല രീതിയില്‍ മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ മഴ പെയ്തതോടെ പുറത്ത് നിന്നവര്‍ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഇരച്ച് കയറി. തുടര്‍ന്നുണ്ടായ തിരക്കില്‍ പലരും നിലത്ത് മറിഞ്ഞ് വീഴുകയായിരുന്നു. നിലത്ത് വീണവരുടെ ദേഹത്ത് മറ്റുള്ളവരുടെ ചവിട്ടേറ്റാണ് പലര്‍ക്കും പരിക്കേറ്റത്.

Read more

പരിക്കേറ്റവരെ ഉടന്‍തന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഒരാള്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലെത്തി വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. പരിക്കേറ്റവരെല്ലാം വിദ്യാര്‍ത്ഥികളാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.