ജീവനക്കാര്‍ക്ക് ഇനി പഞ്ച് ചെയ്ത് മുങ്ങാനാവില്ല, അരമണിക്കൂറില്‍ കൂടുതല്‍ സീറ്റില്‍ നിന്ന് മാറിയാല്‍ അവധി; സെക്രട്ടേറിയറ്റിലെ പുതിയ സംവിധാനം ഇങ്ങനെ

സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ നിയന്ത്രിക്കാന്‍ പുതിയ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റവുമായി സര്‍ക്കാര്‍. പഞ്ച് ചെയ്ത് അരമണിക്കൂര്‍ സീറ്റില്‍ നിന്നു മാറിനിന്നാല്‍ അവധിയായി കണക്കാക്കും. ജീവനക്കാരെ പൂര്‍ണമായും സെന്‍സര്‍ വലയത്തിലാക്കുന്ന പഞ്ചിങ്ങ് അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം ഉടന്‍ പ്രാബല്യത്തിലാകും.

രാവിലെ പത്തിനു പഞ്ചു ചെയ്തു മുങ്ങുന്നവവരെ പിടികൂടുന്ന തരത്തിലുള്ളതാണ് പുതിയ അക്‌സസ് സിസ്റ്റം. 34 വകുപ്പുകളിലേയും ജീവനക്കാര്‍ സെന്‍സര്‍ അധിഷ്ഠിതമായ വാതിലിലൂടെ ഓഫിസിലേക്ക് കടക്കുമ്പോള്‍ തന്നെ അറ്റന്റന്‍സ് രേഖപ്പെടുത്തും. ഓഫിസില്‍ നിന്നു പിന്നീട് പുറത്തുപോകുമ്പോഴും സമയം രേഖപ്പെടുത്തും. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അവധി രേഖപ്പെടുത്തും.

അവധി രേഖപ്പെടുത്തുന്നത് ശമ്പള സോഫ്‌റ്റ്വെയറായ സ്പാര്‍ക്കിലൂടെയായിരിക്കും. പിന്നീട് സ്വാധീനം ചെലുത്തിമാറ്റാനും കഴിയില്ല. യൂണിയന്‍ പ്രവര്‍ത്തനത്തിനു പോയാലും തിരികെയെത്തുന്നത് അരമണിക്കൂറിനുശേഷമെങ്കിലും ഇതു തന്നെ സംഭവിക്കും ഒരു കോടി 97 ലക്ഷം രൂപ ചെലവാക്കിയാണ് ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നത്.അതേസമയം, പുതിയ നിയന്ത്രണങ്ങള്‍ ജീവനക്കാരെ ബന്ധിയാക്കുന്നതാണെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടന സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

ഔദ്യോഗിക യോഗങ്ങള്‍ക്കുപോയാലും അവധി മാര്‍ക്കു ചെയ്യുമെന്നാണ് ആരോപണം. എന്നാല്‍ ഇങ്ങനെയുള്ള ജീവനക്കാര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ മറുപടി.