'അബിന്‍ വര്‍ക്കിയെ തല്ലിച്ചതയ്ക്കുന്നത് കണ്ട് ഞെട്ടി'; പൊലീസുകാര്‍ ഓരോ അടിയ്ക്കും കണക്ക് പറയേണ്ടിവരും; പൊലീസിന് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ പൊലീസിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസുകാര്‍ ഓരോ അടിയ്ക്കും കണക്ക് പറയേണ്ടിവരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

എഡിജിപി എംആര്‍ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ സംസാരിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ആയുസ് അറ്റുപോകാറായ ഒരു സര്‍ക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് നിങ്ങള്‍ ഇത് കാണിക്കുന്നതെങ്കില്‍ നിങ്ങളെ രക്ഷിക്കാന്‍ അവര്‍ ഇല്ലാതെ വരുന്ന ഒരു കാലം വിദുരതയിലല്ല. ഈ നരനായാട്ടിന് മുന്നില്‍ നിന്ന പൊലീസുകാരുടെ കണക്ക് തങ്ങളുടെ കൈവശമുണ്ട്. അവരെ എന്ത് ചെയ്യണമെന്ന്് തങ്ങള്‍ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read more

യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ ചാനലില്‍ കണ്ട് ഞെട്ടിപ്പോയി. അടിയേറ്റ് വീണവരെ വീണ്ടും തല്ലുന്ന പൊലീസുകാര്‍ സ്വബോധത്തോടെയാണോ എന്ന് പരിശോധിക്കണം. ഇവരെ അടിയന്തരമായി രക്ത പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.