കൊച്ചിയില്‍ ഷവര്‍മ കഴിച്ച് യുവാവ് മരിച്ച സംഭവം; ഹോട്ടല്‍ ഉടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്

കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. കോട്ടയം സ്വദേശി രാഹുല്‍ ഡി നായര്‍ ആണ് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കാക്കനാട് പ്രവര്‍ത്തിച്ചിരുന്ന ലെ ഹയാത്ത് ഹോട്ടലില്‍ നിന്നാണ് രാഹുല്‍ ഷവര്‍മ ഓണ്‍ലൈനായി വാങ്ങി കഴിച്ചത്. സംഭവത്തില്‍ ലെ ഹയാത്ത് ഹോട്ടലിന്റെ ഉടമയ്‌ക്കെതിരെയാണ് പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്നത്.

രാഹുലിന്റെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. അതേ സമയം ഹോട്ടലിന്റെ ലൈസന്‍സി ആരെന്ന് അറിയിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. രാഹുലിന്റെ മരണത്തെ തുടര്‍ന്ന് പുറത്ത് വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. യുവാവിന്റെ ശരീരത്തേക്ക് ബാക്ടീരിയ എത്തിയത് ഷവര്‍മയിലൂടെയാണോ എന്ന് പരിശോധിച്ച് വരുകയാണ്.

വിദഗ്ധ പരിശോധനയ്ക്കായി യുവാവിന്റെ ഹൃദയത്തില്‍ നിന്നുള്ള രക്ത സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് എത്തിയാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കൂ. പരിശോധന ഫലം എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിഷയത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പ്രതികരിച്ചു.