എം.ജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിട്ടതായി ഗവേഷക വിദ്യാർത്ഥിനി

എം.ജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിട്ടതായി സർവകലാശാലയിലെ ജാതി വിവേചനത്തിനെതിരെ സമരം തുടരുന്ന ഗവേഷക വിദ്യാർത്ഥിനി. 2014ൽ ഒരു ഗവേഷകൻ കയറിപ്പിടിക്കാൻ ശ്രമിച്ചു. അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാൻസലർ സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സാബു തോമസ് സ്വീകരിച്ചത് എന്ന് വിദ്യാർത്ഥിനി പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. മറ്റൊരു സർവകലാശാല ജീവനക്കാരന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും ഭയം കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും വിദ്യാർത്ഥിനി പറഞ്ഞതായാണ് റിപ്പോർട്ട്.

അതേസമയം വിദ്യാർത്ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. നന്ദകുമാർ കളരിക്കലിനെ പുറത്താക്കില്ലെന്ന് വൈസ് ചാൻസലർ സാബു തോമസ് അറിയിച്ചു. വിദ്യാർത്ഥിനിയുടെ ഗവേഷണത്തിൽ ഒരു തരത്തിലും നന്ദകുമാർ ഇടപെടില്ല. നന്ദകുമാറിന് എതിരായ ആരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞതാണ്. ഗവേഷണം പൂർത്തിയാക്കാൻ വിദ്യാർത്ഥിനിക്ക് പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്നും സാബു തോമസ് പറഞ്ഞു.

എന്നാൽ വൈസ് ചാൻസലറെ വിശ്വാസമില്ലെന്നും ഗവേഷണം തുടരാൻ സൗകര്യം ഒരുക്കാമെന്ന വാഗ്ദാനത്തിൽ വിശ്വാസമില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. നന്ദകുമാർ കളരിക്കലിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവുള്ളതായി അറിയില്ല. സസ്പെൻഡ് ചെയ്ത നന്ദകുമാറിനെ തിരിച്ചെടുത്ത സർവകലാശാല നടപടി ശരിയല്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.

വിദ്യാർത്ഥിനിയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതിയും എസ്.സി എസ്.ടി കമ്മീഷനും ഇടപെട്ടിരുന്നു. എന്നിട്ടും ഗവേഷണം പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർവകലാശാല തയ്യാറാകാതെ വന്നതോടെയാണ് വിദ്യാർത്ഥിനി നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.

Read more

കഴിഞ്ഞ മാസം 29-ാം തിയതിയാണ് വിദ്യാർത്ഥിനി നിരാഹാര സമരം ആരംഭിച്ചത്. ജാതി വിവേചനം മൂലം പത്ത് വർഷമായി ഗവേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് പരാതി. ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കുന്നത് വരെ നിരാഹാരം തുടരാനാണ് വിദ്യാർത്ഥിനിയുടെ തീരുമാനം.