ബിഷപ്പുമാർക്കെതിരായി നടത്തിയ പരാമർശത്തിൽ മാപ്പു പറഞ്ഞ് ബിജെപി നേതാവ് പി.സി. ജോർജ്. ബിഷപ്പുമാരെക്കുറിച്ച് പറയുമ്പോൾ അൽപ്പം ശ്രദ്ധ വേണമായിരുന്നു. നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത് എന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പിതാക്കന്മാർക്ക് മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ സദയം കേട്ടില്ലെന്ന് വെക്കണമെന്നും പിസി ജോർജ് അഭ്യർത്ഥിച്ചു. എഫ്‌സിആർഎ നിയമത്തെപ്പറ്റി ഒരു പിതാവ് വളരെ മോശമായി സംസാരിച്ചു. ഇതേത്തുടർന്നാണ് താനും മോശമായി സംസാരിച്ചത്. അതു പാടില്ലായിരുന്നുവെന്നും ജോർജ് പറഞ്ഞു.
പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് പിസി ജോർജ്. തെരഞ്ഞെടുപ്പ് കാലത്ത് രണ്ടാം തവണയാണ് മുൻപരാമർശത്തിൽ മാപ്പു പറയുന്നത്.
കുറച്ചു പിതാക്കന്മാർ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണെന്നാണ് പി.സി. ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞത്. അവർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവർ ഇതിനപ്പുറത്തെ വർത്തമാനവും പറയും. അതു ഞാൻ പരിഗണിക്കുന്നില്ല. ക്രിസ്ത്യാനികളും പരിഗണിക്കില്ലെന്നുമാണ് പി.സി ജോർജ് പറഞ്ഞത്.







