'കസേരകളുടെ ദൃശ്യമെടുത്തത് പരിപാടിക്ക് മുൻപ്, 4126 പേർ അയ്യപ്പസം​ഗമത്തിൽ പങ്കെടുത്തു'; മന്ത്രി വിഎൻ വാസവൻ

ആഗോള അയ്യപ്പസംഗമവേദിയിലെ ഒഴിഞ്ഞ അസേരയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുൻപാണെന്നു പറഞ്ഞ മന്ത്രി 4126 പേർ ആ​ഗോള അയ്യപ്പസം​ഗമത്തിൽ പങ്കെടുത്തുവെന്നും പറഞ്ഞു. 182 വിദേശപ്രതിനിധികളും സം​ഗമത്തിൽ പങ്കെടുത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അയ്യപ്പസംഗമത്തിലെ സെഷനുകൾ അർത്ഥവത്തായെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനിൽ പങ്കെടുത്തവരാണ്. 5000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ ആണ് ഒരുക്കിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ആരോപിച്ചു. 9.55നാണ് മുഖ്യമന്ത്രി ഉൾപ്പെടെ എത്തിയത്. 4126 പേർ പങ്കെടുത്തുവെന്നത്, രജിസ്‌ട്രേഷൻ നടത്തി നമ്പർ എണ്ണിയ കണക്കാണെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. എത്തിച്ചേർന്ന ഒരാൾക്ക് പോലും പരാതി ഉണ്ടായിരുന്നില്ല. കർണാടക പിസിസി ഉപാധ്യക്ഷൻ പങ്കെടുത്തു. ഉദ്ഘാടനം കഴിഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം. അവർ പോയത് സെഷനുകളിൽ പങ്കെടുക്കാനാണ്. 3 സ്ഥലങ്ങളിൽ ആയിരുന്നു സെഷനുകൾ നടത്തിയത്. ഇതാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചത്. 18 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Read more