'സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ല', ഗവര്‍ണര്‍

സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രകള്‍ മാത്രമല്ല ആര്‍ക്കെതിരേയും അതിക്രമം നടത്താന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ല. സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കുന്നില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും, വിഷയത്തില്‍ തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരായ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് കല്ലായിയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സര്‍വേ കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്ലിടാന്‍ എത്തിയത് മുന്‍കൂട്ടി അറിയിക്കാതെ ആണെന്ന് അവര്‍ ആരോപിച്ചു. സ്ഥലത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പ്രതിഷേധിക്കുകയാണ്.  സര്‍വേ കല്ല് സ്ഥാപിക്കുന്നതിന് ചുറ്റും പൊലീസ് വട്ടം കൂടി നിന്ന് സുരക്ഷ ഒരുക്കി. കല്ല് ഉറപ്പിക്കുന്നത് വരെ പൊലീസ് കാവല്‍ തുടര്‍ന്നു.

എറണാകുളം തിരുവാങ്കുളത്തും കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. പ്രതിഷേധിക്കാരെ അനുനിയിപ്പിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നും ഉദ്യേഗസ്ഥരുടെ ഭാഗത്തുനിന്നും തുടരുകയാണ്. സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമിച്ചതോടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.