'അനാവശ്യമായ ഇടപെടല്‍'; ആനി രാജയെ പിന്തുണയ്ക്കാതെ സി.പി.ഐ സംസ്ഥാന നേതൃത്വം

എം എം മണി എംഎല്‍എയുമായുള്ള തര്‍ക്കത്തില്‍ സിപിഐ ദേശീയ നേതാവ് ആനി രാജയെ പിന്തുണയ്ക്കാതെ സംസ്ഥാന നേതൃത്വം. വിഷയത്തില്‍ ആനി രാജ അനാവശ്യമായി ഇടപെടല്‍ നടത്തി. ആനിയുടെ പ്രസ്താവനയാണ് വിവാദത്തിന് തുടക്കമിട്ടതെന്നുമാണ് സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. ആനി രാജയ്ക്ക് അനുകൂലമായി പരസ്യ നിലപാടെടുക്കാതെ അവഗണിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

എംഎല്‍എ കെ കെ രമയ്ക്ക് എതിരെയുള്ള എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നുള്ള ആനി രാജയുടെ പ്രതികരണമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എം എം മണിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണ് സിപിഐ ദേശീയ നേതാവ് ആനി രാജ പറഞ്ഞു. വാക്കുകള്‍ സ്ത്രീവിരുദ്ധമാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്നതിനാലാണ് താന്‍ പ്രതികരിച്ചത്. വെല്ലുവിളികള്‍ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. വനിത രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്നും ആനി രാജ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞു.

അതേസമയം എം എം മണിയുടെ പരമാര്‍ശത്തില്‍ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഐ. സിപിഐ- സിപിഐ പോരായി വിഷയം വ്യാഖ്യാനിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് തീരുമാനം. പരാമര്‍ശത്തെ കുറിച്ച് സ്പീക്കര്‍ തീരുമാനിക്കട്ടെയെന്ന കാനം രാജേന്ദ്രന്റെ നിലപാട് ഔദ്യോഗിക തീരുമാനമെന്ന് നേതാക്കളെ അറിയിച്ചു.

വിഷയത്തില്‍ ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചിരുന്നു. അതേ കുറിച്ച് പാര്‍ട്ടി അദ്ദേഹത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം. എംഎം മണിയുടെ പരാമര്‍ശം പുതിയ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. നിയമസഭയിലാണ് കെ കെ രമയ്‌ക്കെതിരായ പരാമര്‍ശം ഉണ്ടായത്. അതിനാല്‍ അക്കാര്യത്തില്‍ പരിശോധന നടത്തി തീരുമാനം സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നുമാണ് കാനം പറഞ്ഞിരുന്നു.