'സാക്ഷികള്‍ കൂറ് മാറിയപ്പോള്‍ നെഞ്ചില്‍ തീയായിരുന്നു'; വിധിയില്‍ സന്തോഷമെന്ന് മധുവിന്റെ അമ്മ

അട്ടപ്പാടി മധുവധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ. ദൈവത്തെ വിശ്വസിക്കുന്നു. വക്കീലന്മാരുള്‍പ്പെടെ തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസില്‍ തുടര്‍ച്ചയായി സാക്ഷികള്‍ കൂറ് മാറുമ്പോള്‍ നെഞ്ചില്‍ തീയായിരുന്നു. വെള്ളം പോലും കുടിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഇപ്പോഴാണ് ആശ്വാസമായത് ഇനി സാക്ഷികള്‍ കൂറുമാറില്ലെന്നാണ് കരുതുന്നത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മധുവിന്റെ അമ്മ പറഞ്ഞു.

അപൂര്‍വമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ നിന്ന് തീരുമാനം ഉണ്ടാകാറുള്ളൂവെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോനും പ്രതികരിച്ചു. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നതിന്റെ കാരണം കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.