'കരുവന്നൂരില്‍ നിക്ഷേപം തിരികെ നല്‍കുന്നത് നിര്‍ത്തിവെയ്ക്കണം'; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കരിവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് പണം നല്‍കാമെന്നും ആര്‍ക്കൊക്കെയാണ് പണം നല്‍കിയത് എന്നത് കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

നിക്ഷേപകരുടെ പണം തിരികെ നല്‍കുന്ന സാഹചര്യത്തില്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജിപരിഗണിക്കവെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സ്വതന്ത്ര ഓഡിറ്റ് വേണമോയെന്ന് പരിശോധിക്കും. നിലവില്‍ കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്ന് ബാങ്ക് കോടതിയെ അറിയിച്ചു. നിക്ഷേപകര്‍ക്ക് പണം എങ്ങനെ തിരിച്ച് നല്‍കുമെന്ന കാര്യം സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു നിര്‍ദ്ദേശം.