'പെൺകുട്ടിയോട് ക്ഷമ ചോദിച്ചിട്ടില്ല': പിങ്ക്‌ പൊലീസ് വിചാരണയില്‍ കുട്ടിയുടെ അച്ഛന്റെ വാദം തള്ളി ഡി.ജി.പി

തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ സംസ്ഥാന പൊലീസ് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയോട് മേധാവി മാപ്പ് ചോദിച്ചെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്റെ അവകാശവാദം തള്ളി ഡി.ജി.പിയുടെ ഓഫീസ്.

സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി ഉത്തരവ് കൈമാറാനെത്തിയപ്പോഴാണ് ക്ഷമ ചോദിച്ചതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛൻ അവകാശപ്പെട്ടത്. മകളോടാണ് മാപ്പ് ചോദിച്ചതെന്നും ഹൈക്കോടതി വിധി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും ജയചന്ദ്രന്‍ പറഞ്ഞിരുന്നു.

ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറാന്‍ ജയചന്ദ്രനും മകളും പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഡി.ജി.പി. നേരിട്ടു കണ്ടിട്ടില്ലെന്നും ഡിജിപി ക്ഷമ ചോദിച്ചിട്ടില്ലെന്നും പൊലീസ് വക്താവ് അറിയിച്ചു. കേസില്‍ കുറ്റാരോപിതയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ ക്ഷമാപണം നടത്തിയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം ക്ഷമാപണം നിരസിച്ചിരുന്നു.

Read more

നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടും പൊലീസ് ഇത് കാര്യമായി പരിഗണിച്ചിരുന്നില്ല. അതുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാന്‍ എത്തിയതെന്നും ജയചന്ദ്രന്‍ പറയുകയുണ്ടായി ആറ്റിങ്ങലില്‍ വെച്ച് മൊബൈല്‍ മോഷ്ടാക്കളെന്ന് മുദ്രകുത്തിയാണ് ഇവരെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയത്. ഈ കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.