'ലീഗിന്റെ പ്രവര്‍ത്തനം എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന്' കോടിയേരി

മു്സ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്ഡിപിഐ, മറ്റ് മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലീഗ് നടത്തുന്നത്. ലീഗിന്റെ പ്രവര്‍ത്തനം ആര്‍എസ്എസിന് മുതലെടുക്കാനുള്ള അവസരമാണ് ഉണ്ടാക്കി കൊടുക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

മുസ്ലിം ലീഗാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത്. കേരളത്തിലെ യുഡിഎഫിനെ നയിക്കുന്നത് ലീഗാണ്. ലീഗ് സ്വീകരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ അവസരം നല്‍കുന്നത്.

തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകനുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

സിപിഎം നേതാവ് ജെയിംസ് മാത്യുവിനെ ഇന്നലെ ജില്ലാ കമ്മിറ്റി യോഗത്തില്‍ വച്ച് കണ്ടതാണ്. സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ച് അദ്ദേഹത്തെ ഒഴിവാക്കി കൊടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിയില്‍ തുടരാമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കോടിയേരി പറഞ്ഞു.