'ആക്ഷേപിച്ചത് തെറ്റ്, എളമരം കരീം മാപ്പ് പറയണം': രമേശ് ചെന്നിത്തല

സിപിഎം കേന്ദ്ര കമ്മറ്റി അംഗംമായ എളമരം കരീമിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പി ടി ഉഷയേയും തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലേക്ക് എത്തിയ കെ കെ രമയേയും അധിക്ഷേപിച്ചതിന് എതിരെയാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. പി ടി ഉഷയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റാണെന്നും അത് പിന്‍വലിച്ച് എളമരം കരീം മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് കെ കെ രമ നിയമസഭയിലെത്തിയത്. ജനങ്ങളുടെ പിന്തുണ നേടി വിജയിച്ചെത്തിയ കെ കെ രമയെ അപമാനിച്ചതും തെറ്റാണ് അതും പിന്‍വലിച്ച് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് പി ടി ഉഷയെ നാമനിര്‍ദ്ദേശം ചെയ്തത് സംബന്ധിച്ച് എളമരം കരീം പറഞ്ഞത്.

രാഷ്ട്രീയമല്ല സ്‌പോര്‍ട്‌സാണ് പ്രധാനം. എളമരം കരീം താന്‍ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് കൂടുതല്‍ മറുപടി നല്‍കുന്നില്ല. പലര്‍ക്കും പല അഭിപ്രായവും പറയാമെന്നുമായിരുന്നു പിടി ഉഷയുടെ മറുപടി. പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് കെ കെ രമയുടെ എംഎല്‍എ സ്ഥാനമെന്നും അതിനാല്‍ ഇത്തരമൊരു പദവി കിട്ടിയെന്നോര്‍ത്ത് അധികം അഹങ്കരിക്കേണ്ടെന്നും കരീം പറഞ്ഞിരുന്നു.

നിയമസഭയില്‍ താന്‍ എടുക്കുന്ന നിലപാടാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ലെന്നും കരീമിന്റെ ചരിത്രം പറയിപ്പിക്കരുതെന്നുമാണ് കെ കെ രമ പ്രസ്താവനയെ തുടര്‍ന്ന് പ്രതികരിച്ചത്.