'അനുമതി കിട്ടിയാലേ മുന്നോട്ട് പോകൂ'; സില്‍വര്‍ ലൈന് അനുമതി നല്‍കാന്‍ കേന്ദ്രം ബാദ്ധ്യസ്ഥരാണെന്ന് കെ.എന്‍ ബാലഗോപാല്‍

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്രം ബാദ്ധ്യസ്ഥരാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോവുകയുള്ളൂ. കെ റെയിലില്‍ അനുമതി കിട്ടിയിട്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അനുമതി തരാന്‍ അവര്‍ ബാധ്യസ്ഥരാണ്. നാടിന് പറ്റുന്ന വികസനം ആണെങ്കില്‍ അനുമതി തരണം. അനുമതിയുടെ അപേക്ഷ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തിന്റെ കട പരിധിയെ തകര്‍ക്കുന്ന നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും മന്ത്രി ആരോപിച്ചു. ധനകാര്യ മേഖലയെ ദുര്‍ബലപ്പെടുത്തുന്ന വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സില്‍വര്‍ലൈന് കേന്ദ്രാനുമതിയില്ലെന്ന് വ്യക്തമാക്കി വീണ്ടും കേന്ദ്രം രംഗത്തെത്തി. പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചിലവാക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കെ റെയിലിന് മാത്രമായിരിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സാമൂഹികാഘാതപഠനവും സര്‍വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് കേരള ഹൈക്കോടതിയില്‍ റെയില്‍വേ മന്ത്രാലയത്തിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.